സങ്കേതത്തിലെ അനധികൃത ബാര്‍; സംഭവിച്ചതെന്താണെന്ന് വിനു ജോണ്‍ വ്യക്തമാക്കുന്നു

July 11, 2016 |
press-club-sanketham1

തിരുവനന്തപുരം: പ്രസ്‌ക്ലബ്ബിനോട് അനുബന്ധിച്ചുള്ള സങ്കേതം എന്ന വിശ്രമ കേന്ദ്രത്തില്‍ അനധികൃത ബാര്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളിലുണ്ടായ വിവാദത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ വിനു വി ജോണ്‍ പ്രതികരിച്ചു. മാധ്യമ പ്രവര്‍ത്തകയായ സുനിത ദേവദാസിനോടാണ് സംഭവിച്ച കാര്യങ്ങളില്‍ വിനു വി ജോണ്‍ വ്യക്തത വരുത്തിയത്.

വിനു ജോണുമായുള്ള സംഭാഷണത്തെക്കുറിച്ച് സുനിത ദേവദാസ് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ഇവിടെ വായിക്കാം……

വിനു വി ജോണിന്‍െറ പ്രതികരണം : തിരുവനന്തപുരം പ്രസ്ക്ളബിലെ അനധികൃത മദ്യശാലയെക്കുറിച്ചു തന്നെ

ഏഷ്യാനെറ്റിലെ വാര്‍ത്താവതാരകന്‍ വിനു വി ജോണിനെ വിളിച്ചു. സത്യത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍. കാരണം അത്രയേറെ വാര്‍ത്തകളും വിശകലനങ്ങളും ഊഹാപോഹങ്ങളുമാണല്ളോ പ്രചരിക്കുന്നത്. സംഭവിക്കുന്നത് വിനു വി ജോണില്‍ നിന്നു തന്നെ ഇടനിലക്കാരന്‍ ഇല്ലാതെ അറിയണം എന്നു തോന്നി. പ്രസ്ക്ളബിലെ അനധികൃത ബാറിനെക്കുറിച്ച് വിനു പറഞ്ഞത് നിങ്ങളും കൂടി അറിയാന്‍ ഇവിടെ ഷെയര്‍ ചെയ്യുന്നു.

‘‘ഞാന്‍ മദ്യപാനം എന്ന ശീലത്തെ അല്ല വിമര്‍ശിച്ചത്. നിയമവിരുദ്ധമായി മദ്യപിക്കുന്നതിനെ മാത്രമാണ്. ഞാന്‍ കൂടി ഉള്‍പ്പെടുന്ന തിരുവനന്തപുരം പ്രസ്ക്ളബില്‍ നടക്കുന്ന നിയമവിരുദ്ധമായ മദ്യപാനത്തെക്കുറിച്ചാണ് ഞാന്‍ സൂചിപ്പിച്ചത്. പ്രസ്ക്ളബ് അംഗമായതിനാല്‍ ഞാന്‍ കൂടി പങ്കാളിയാണല്ളോ ആ നിയമവിരുദ്ധപ്രവര്‍ത്തനത്തില്‍? അതിനാല്‍ എനിക്കും അഭിപ്രായം പറയാനുള്ള അവകാശമുണ്ട്.

പഴയ സാഹചര്യമല്ല ഇന്ന്.. സര്‍ക്കാര്‍ മാറി. എല്ലായിടത്തും ബാറുകള്‍ പൂട്ടിക്കൊണ്ടിരിക്കുന്നു. പഞ്ചനക്ഷത്രബാറുകളും ലൈസന്‍സുള്ള ക്ളബുകളും മാത്രമായി ചുരുങ്ങുമ്പോഴും ക്ളബുകള്‍ ഓരോന്നായി റെയ്ഡു ചെയ്യുകയും അനധികൃത മദ്യവില്‍പ്പന തടയുകയും ചെയ്യുമ്പോഴും പ്രസ്ക്ളബിലെ അനധികൃതമദ്യപാനത്തിനു അധികാരികളുടെ ഭാഗത്തു നിന്നും ലഭിക്കുന്ന സംരക്ഷണത്തെക്കുറിച്ചാണ് ഞാന്‍ പ്രതികരിച്ചത്. ഗാന്ധിജയന്തി ദിനമടക്കമുള്ള എല്ലാ ഡ്രൈ ഡേകളില്‍ പോലും പത്രപ്രവര്‍ത്തകര്‍ ഇവിടെ മദ്യപിക്കുന്നുണ്ട്. ഒരു നിയമവും അവര്‍ക്ക് ബാധകമല്ല. പത്രപ്രവര്‍ത്തകര്‍ ഉച്ച മുതല്‍ ജോലിക്കിടയില്‍ നിന്നും ഇറങ്ങി പോയി മദ്യപിക്കുന്ന അവസ്ഥയുണ്ട്. അവിടത്തെ മദ്യപാനത്തിന് സമയമൊന്നുമില്ല. 24 മണിക്കൂറും അനുവദനീയമാണ്.

ലോകത്തുള്ള എല്ലാത്തിനേയും വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ഇതു ചെയ്യുന്നത് ശരിയല്ളെന്നാണ് ഞാന്‍ പറയുന്നത്. ലൈസന്‍സ് എടുക്കട്ടെ. നിയമവിധേയമായി മദ്യപിക്കട്ടെ. അതിനെന്താണ് തടസം?

10 രൂപയുടെ കഞ്ചാവ് കൈവശം വച്ചവനെ പോലും വെറുതെ വിടാതെ വാര്‍ത്തകളില്‍ ഇടം കൊടുക്കുന്നവരാണ് പത്രപ്രവര്‍ത്തകര്‍. അയാളുടെ ഫോട്ടോയും വീട്ടുകാരുടെ ഫോട്ടോയും അടക്കം നാലു കോളം വാര്‍ത്ത നല്‍കും. അറിഞ്ഞു കൊണ്ട് നിയമലംഘനം നടത്തുന്ന പത്രപ്രവര്‍ത്തകര്‍ക്ക് മറ്റുള്ളവരുടെ ന്യായാന്യായങ്ങളെക്കുറിച്ചു പറയാന്‍ എന്തു അവകാശമെന്നാണ് ഞാന്‍ ചോദിക്കുന്നത്.

ഇവര്‍ മദ്യപിച്ച് ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ച് വണ്ടിയോടിക്കുന്നു. പിടിക്കപ്പെട്ടാല്‍ അവിടേയും കയ്യൂക്കു തന്നെ കാണിച്ചു രക്ഷപ്പെടുന്നു. കൂട്ടത്തോടെ സ്റ്റേഷനില്‍ പോയി ഇറക്കി കൊണ്ടു വരുന്നു.

വിഷയത്തെ ഡൈവേര്‍ട്ടു ചെയ്യാനുള്ള ബോധപൂര്‍വമായൊരു ശ്രമം നടക്കുന്നതായി കാണുന്നു. അതിനാല്‍ വീണ്ടും പറയുന്നു. എതിര്‍പ്പ് മദ്യപാനത്തോടല്ല. നിയമലംഘനത്തോടാണ്. ഞാന്‍ മദ്യപിക്കുമായിരുന്നു അതിനാല്‍ എനിക്കിതു പറയാന്‍ എന്തു യോഗ്യത എന്ന രീതിയിലുള്ള ചില പ്രചാരണങ്ങളും കണ്ടു. അതെന്തു ന്യായമാണ്? വ്യക്തിഹത്യ കൊണ്ട് വിഷയത്തിന്‍െറ പ്രാധാന്യത്തില്‍ നിന്നും ശ്രദ്ധതിരിച്ചു വിടാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇത്.

വി എസ് ശ്യാലാലും VS Syamlal ഞാനും തമ്മില്‍ യാതൊരു വിധത്തിലുള്ള വ്യക്തിബന്ധവും ഇല്ല. ഞാന്‍ ആരോടോ പൈന്‍റ് വാങ്ങാന്‍ ആവശ്യപ്പെട്ടെന്ന ഒരു അടിസ്ഥാനമില്ലാത്ത ആരോപണം ശ്യാംലാല്‍ ഉന്നയിച്ചു കണ്ടു. എങ്കില്‍ അയാള്‍ വെളിപ്പെടുത്തട്ടെ. ഞാന്‍ ആരോട് എപ്പോള്‍ പറഞ്ഞെന്ന്. എന്നിട്ട് അയാള്‍ പൈന്‍റ് വാങ്ങിയോ? ആരാണയാള്‍?

ഒരു വിഷയം ഉന്നയിക്കുമ്പോള്‍ അതിനെ വ്യക്തിഹത്യകൊണ്ടാണ് നേരിടുന്നതെങ്കില്‍ ഞാനൊന്നു ചോദിച്ചോട്ടെ..
ഒരാള്‍ ഒരുവിഷയത്തെക്കുറിച്ച് അഭിപ്രായം പറയണമെങ്കില്‍ അയാളുടെ പൂര്‍വകാലം ധാര്‍മികതായാല്‍ നിറഞ്ഞതാവണമെങ്കില്‍ എത്ര പത്രപ്രവര്‍ത്തകര്‍ക്ക് ഈ ജോലി ചെയ്യാനുള്ള യോഗ്യതയുണ്ട്?

ഒരു ചെറിയ ഉദാഹരണം മാത്രം ചോദിക്കാം നികുതിവെട്ടിപ്പിനെക്കുറിച്ച് എത്ര പേര്‍ക്ക് വാര്‍ത്ത ചെയ്യാന്‍ കഴിയും? ഇവരൊക്കെ വീടോ വസ്തുവോ വാങ്ങിച്ചപ്പോള്‍ കുറഞ്ഞ വിലയിട്ടാവില്ളേ ആധാരം റജിസ്റ്റര്‍ ചെയ്തത്? നേരത്തെ പറഞ്ഞ ലോജിക്ക് വച്ചാണെങ്കില്‍ എത്ര പേര്‍ക്ക് ടാക്സ് വെട്ടിപ്പ് വാര്‍ത്തയാക്കാനുള്ള ധാര്‍മികമായ അവകാശമുണ്ട്?

മറ്റുള്ളവര്‍ക്ക് മാതൃകയാവേണ്ടവരാണ് പത്രപ്രവര്‍ത്തര്‍ത്തകര്‍ എന്നു ഞാന്‍ വിശ്വസിക്കുന്നു. അല്ലാതെ പോലീസ് ക്ളബിലും ഡോക്ടര്‍മാരുടെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ക്ളബിലും അനധികൃതമായി മദ്യം വിളമ്പുന്നുണ്ടല്ളോ .. എന്നാല്‍ നമുക്ക് പ്രസ്ക്ളബിലും വിളമ്പാം എന്നു ചിന്തിക്കുന്നവരാവരുത്. ആരെങ്കിലും നിയമം ലംഘിക്കുന്നുണ്ടെങ്കില്‍ അവരെ കൂടി നിയമത്തിനു മുന്നില്‍ കൊണ്ടു വരിക എന്നതാണ് മാധ്യമപ്രവര്‍ത്തകരുടെ ചുമതല. അല്ലാതെ അവര്‍ നിയമം ലംഘിച്ചു. ഞങ്ങളും ലംഘിക്കും എന്നു പറയുന്നത് അന്തസുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് ചേര്‍ന്നതല്ല.

ഞാന്‍ ഏഷ്യാനെറ്റില്‍ തന്നെയുണ്ട്. ട്വിറ്റര്‍ അക്കൗണ്ടും അവിടെ തന്നെയുണ്ട്. നിരന്തര ചര്‍ച്ചകള്‍ക്ക് സമയമില്ലാത്തതിനാലും താല്‍പര്യമില്ലാത്തതിനാലും ആക്റ്റീവ് അല്ല എന്നു മാത്രം. ’’ വിനു വി ജോണ്‍ പറഞ്ഞു.

അനധികൃതകുടിയന്‍മാരേ… നിങ്ങള്‍ റിക്രിയേഷന്‍ ക്ളബില്‍ മദ്യപാനം തുടര്‍ന്നോളു.. ഒരു ലൈസന്‍സ് എടുത്തിട്ട്. അതിനെന്താ തടസം?

ബൈ ദ ബൈ സങ്കേതത്തില്‍ നിന്നും റൂഫ് ടോപ്പിലേക്കു മാറ്റിയ അനധികൃത കള്ളുകുടി സുഖമായി നടക്കുന്നില്ളേ? ബുദ്ധിമുട്ടൊന്നുമില്ലല്ളോ? റെയ്ഡ് ഭീഷണിയൊന്നും ഇല്ലല്ളോ അല്ളേ… അപ്പോള്‍ ആള്‍ ദ ബെസ്റ്റ്.