സങ്കേതം മദ്യപാനശാലതന്നെ; വാര്‍ത്ത ജീവിതം മാറ്റിമറിച്ചെന്ന് സുനിതാ ദേവദാസ്

July 10, 2016 |

തിരുവനന്തപുരം: പ്രസ്‌ക്ലബ്ബിനോട് അനുബന്ധിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ സങ്കേതം മദ്യപാനശാലതന്നെയെന്ന് സുനിതാ ദേവദാസ്. സങ്കേതത്തിലെ അനധികൃത മദ്യശാലയ്ക്കുറിച്ചുള്ള വാര്‍ത്ത ആദ്യമായി പുറംലോകത്തെത്തിച്ചത് മാധ്യമപ്രവര്‍ത്തകയായിരുന്ന സുനിതാ ദേവദാസ് ആയിരുന്നു.

മാസങ്ങള്‍ക്ക് മുന്‍പ് സുനിത നടത്തിയ തുറന്നുപറച്ചില്‍ വലിയ ഒച്ചപ്പാടുണ്ടാക്കിയെങ്കിലും പതിയെ കെട്ടടങ്ങി. എന്നാല്‍, കഴിഞ്ഞദിവസം ഏഷ്യാനെറ്റിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനു വി ജോണിന്റെ ട്വിറ്റര്‍ പോസ്റ്റ് മദ്യപാനശാല അടച്ചിടുന്നതിലാണ് കലാശിച്ചത്.

ഇതിന് പിന്നാലെ നേരത്തെ താന്‍ നടത്തിയ വെളിപ്പെടുത്തല്‍ ജോലി തെറിക്കുന്നതിലേക്കും ജീവിതം തന്നെ മാറ്റിമറിക്കുന്നതിനും ഇടയാക്കിയെന്നുകാട്ടി സുനിത ഫേസ്ബുക്കില്‍ കുറിപ്പിട്ടു.

സുനിതയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇവിടെ വായിക്കാം…..

തിരുവനന്തപുരം പ്രസ്ക്ളബിലെ ‘‘റിക്രിയേഷന്‍ ക്ളബും’’ കലാപരിപാടികളും…..

തിരുവനന്തപുരം പ്രസ്ക്ളബിന്‍െറ അണ്ടര്‍ഗ്രൗണ്ടില്‍ ഒരു ‘‘റിക്രിയേഷന്‍ ക്ളബ് ’’പ്രവര്‍ത്തിച്ചിരുന്നു. സങ്കേതമെന്ന പേരില്‍. കുടിയന്‍മാരായ ചില പത്രപ്രവര്‍ത്തകര്‍ രാപ്പകല്‍ ഭേദമില്ലാതെ മദ്യപിക്കാനായി ഈ ‘‘റിക്രിയേഷന്‍ ക്ളബി’’നെയാണ് ആശ്രയിച്ചിരുന്നത്.

മുകളില്‍ ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന വിദ്യാഭ്യാസ സ്ഥാപനവും താഴെ ‘‘റിക്രിയേഷന്‍ ക്ളബ്’’ എന്ന അനധികൃത മദ്യശാലയും പ്രവര്‍ത്തിക്കുന്നത് ശരിയല്ല എന്ന അഭിപ്രായം എനിക്കുണ്ടായിരുന്നു. (ഇപ്പോഴുമുണ്ട് )അതു ഞാന്‍ തുറന്നു പറഞ്ഞിരുന്നു.

1. പുതിയ തലമുറയിലെ പത്രപ്രവര്‍ത്തകരെ വാര്‍ത്തെടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിനു താഴെ മുതിര്‍ന്ന ചില മാധ്യമപ്രവര്‍ത്തകരടക്കം മദ്യപിച്ചു പാമ്പായി റോഡിലിറങ്ങി സിഗരറ്റു വലിച്ചൂതി വിടുവായത്തരം പറയുന്നതു വഴി കമ്മ്യൂണിക്കേറ്റു ചെയ്യപ്പെടുന്ന മെസേജ് കുട്ടികള്‍ക്ക് അത്ര നല്ലതല്ല എന്ന തോന്നല്‍.

(എന്നാല്‍ ചില പാമ്പുകള്‍ പറഞ്ഞത് വിദേശ വിദ്യാഭ്യാസശാലകളില്‍ അധ്യാപകര്‍ വൈന്‍ഗ്ളാസുമായി ക്ളാസില്‍ വരുമെന്നും ഒന്നിച്ചു മദ്യപിക്കുമെന്നുമാണ്… ന്നാ.. ആയിക്കോട്ടീശ്വരാ…. പുരോഗമനമല്ളേ… ആയിക്കോട്ടെ….വിദേശത്തു നിന്നും നല്ലതൊന്നും പകര്‍ത്തിയില്ളെങ്കിലും മദ്യപാനശീലവും അല്‍പ്പവസ്ത്രധാരണവും നമുക്കും പകര്‍ത്തണം!! )

2. എല്ലാവിധ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും വാര്‍ത്തയാക്കുന്നവര്‍ അനധികൃതമായി മദ്യപിക്കുന്നത് ശരിയല്ല എന്ന തോന്നല്‍…. മദ്യപിച്ചു കരളടിച്ചു പോയി ഇവരൊക്കെ ആയുസത്തൊതെ ചത്തു പോവുമല്ളോ എന്ന വേദനയല്ല ഞാന്‍ പ്രകടിപ്പിച്ചത്. മറിച്ച് ഒരു ലൈസന്‍സ് എടുത്ത് മാന്യമായി മദ്യപിക്കുവെന്ന അഭിപ്രായമാണ് പറഞ്ഞത്.
എന്നാല്‍ എന്‍െറ ജീവിതം തന്നെ മാറ്റി മറിക്കാന്‍ ആ അനധികൃത റിക്രിയേഷന്‍ ക്ളബിനും കള്ളുകുടിയന്‍മാര്‍ക്കും കഴിഞ്ഞു എന്നതാണ് സത്യം. ആന്‍ ഐഡിയ കാന്‍ ചെയ്ഞ്ച് യുവര്‍ ലൈഫ് എന്നു പറയുന്നത് വെറുതെയല്ല… സത്യമാണ്.. ദാ എന്നെ നോക്ക്…

പി പി ജയിംസ് എന്ന മഹാരാജാവ് എന്നോട് ഫോണില്‍ പറഞ്ഞത്‘‘ പ്രസ്ക്ളബില്‍ കയറിയാല്‍ കയ്യും കാലും വെട്ടുമെന്നാണ്. എനിക്ക് പ്രസ്ക്ളബില്‍ അനധികൃത വിലക്ക് ഏര്‍പ്പെടുത്തി. സാമൂഹിക മാധ്യമങ്ങളിലൂടെ എന്നെ തെറിവിളിച്ചു. ഭീഷണിപ്പെടുത്തി. ഞാന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ കുടിയന്‍മാരും അധികാരമോഹികളും എന്നെ ഒരു പോലെ ഒറ്റപ്പെടുത്തി. കാരണം കുടിയന്‍മാര്‍ക്ക് അവിടുന്നു കള്ളു കുടിക്കണം. അധികാര മോഹികള്‍ക്ക് പ്രസ്ക്ളബ് ഭാരവാഹിയാവണം…

പ്രസ്ക്ളബിലെ മദ്യശാലക്കൊരു ലൈസന്‍സെടുക്കാന്‍ ഞാന്‍ പറഞ്ഞ കാലത്ത് പി പി ജയിംസും ജയന്‍മേനോനുമായിരുന്നു പ്രസ്ക്ളബ് ഭാരവാഹികള്‍. തൊഴിലിനോട് കൂറുള്ളവരായതു കൊണ്ട് എങ്ങനെയൊക്കെ എന്നെ ഉപദ്രവിക്കാമെന്ന് ഇവര്‍ ആത്മാര്‍ത്ഥമായി തന്നെ ആലോചിച്ചു. ജയന്‍ മേനോനിലെ അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ ഉണര്‍ന്നു. സര്‍ക്കാര്‍ ജോലിക്കാരനായ എന്‍െറ ഭര്‍ത്താവ് വല്ല അഴിമതിയും കാണിച്ചിട്ടുണ്ടോ എന്നു മുതല്‍ ഞാനോ എന്‍െറ കുടുംബമോ വല്ല അതിരുമാന്തലും നടത്തിയിട്ടുണ്ടോ എന്നു വരെ ഇവര്‍ അന്വേഷിച്ചു. എന്‍െറ ഭാഗ്യമോ അവരുടെ നിര്‍ഭാഗ്യമോ എന്നറിയില്ല. അവര്‍ക്ക് എക്സ്ക്ളൂസീവ് ഒന്നും ലഭിച്ചില്ല.

തുടര്‍ന്ന് ഏതു ഭീരുക്കള്‍ക്കും പറ്റുന്ന ഒരു പണി ചെയ്തു. ഏതോ രണ്ടു ഓണ്‍ലൈന്‍ പത്രത്തില്‍ കുറേ കഥകള്‍ അച്ചടിച്ചിറക്കി. ഒരു തരം പരദൂഷണം…. എന്‍െറ ഭര്‍ത്താവ് മാനസിക രോഗിയല്ലാത്തതിനാല്‍ ഇവരുടെയൊന്നും സ്വപ്നങ്ങള്‍ പൂവണിഞ്ഞില്ല. ഇക്കാര്യങ്ങള്‍ പറഞ്ഞത് നാം ആരാധനയോടെ കാണുന്ന പത്രപ്രവര്‍ത്തകര്‍ എത്ര തറകളാണെന്ന് പറയാനാണ്. ഞാന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ചില മാനസിക രോഗികളും ഞരമ്പു രോഗികളും ഈ ഓണ്‍ലൈന്‍ തിരക്കഥ സ്വന്തം ഇ മെയിലില്‍ നിന്നും കൂട്ടുകാര്‍ക്ക് മെയിലയച്ചു. ഞാന്‍ പരാതി നല്‍കി. ഒരുത്തനെ സ്ഥലം മാറ്റി…. പിന്നെയും എന്തൊക്കെയോ തെണ്ടിത്തരങ്ങള്‍ ചില കുടിയന്‍മാര്‍ ചെയ്തു. പലതും ഞാന്‍ മനപൂര്‍വം മറന്നു.

ജീവിക്കാന്‍ ഒരു പത്രസ്ഥാപനത്തിലെ തുച്ഛവരുമാനമുള്ള കൂലിപ്പണി അത്ര അത്യാവശ്യമുള്ള സംഗതിയല്ലാത്തതിനാല്‍ ഞാന്‍ ജോലി രാജി വച്ചു. ഞാന്‍ സ്വാതന്ത്ര്യസമരത്തിനൊന്നുമല്ലല്ളോ ഇറങ്ങി പുറപ്പെട്ടത്. കഷ്ടപ്പെട്ടു ജീവിതം കളഞ്ഞു പിടിച്ചു നില്‍ക്കാന്‍. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന വെറുമൊരു ചാരായ ഷാപ്പിനെതിരേയും കുറച്ച് കുടിയന്‍മാര്‍ക്കെതിരേയുമായിരുന്നല്ളോ പോരാട്ടം…
അതിനായി ഒരു പരിധിയില്‍ കൂടുതല്‍ എന്‍െറ ജീവിതത്തിലെ വിലപ്പെട്ട സമയം നീക്കി വക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ഞാന്‍ തന്നെ ജോലി രാജി വച്ച് സ്വസ്ഥമായി ജീവിക്കാന്‍ തുടങ്ങി.

റിക്രിയേഷന്‍ ക്ളബില്‍ കള്ളുകുടിയും കൊതിയും നുണയും പറച്ചിലും വാര്‍ത്താവില്‍പ്പനയും തകൃതിയായി തുടര്‍ന്നു..
വിധി വൈപരീത്യമെന്നു പറയട്ടെ ജയന്‍ മേനോന്‍െറ ഭാര്യ ജോലി ചെയ്യുന്ന റിക്രൂട്ടിങ് ഏജന്‍സി വഴി എന്‍െറ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു കാനഡ എമിഗ്രേഷന് അപേക്ഷിച്ചിരുന്നു. ഏജന്‍സി കുറേ പണവും പിടുങ്ങി. ഏജന്‍സി പിടുങ്ങിയ പണം നഷ്ടമാവാതിരിക്കാന്‍ ഞങ്ങള്‍ കാനഡക്കു വിമാനം കയറി.
കാശു കുറേ പോയെങ്കിലും ദാ ഇപ്പോള്‍ എന്‍െറ ദേഹവും മനസും കാനഡയില്‍ സുഖമായിരിക്കുന്നു…

വിധി എന്നു പറഞ്ഞാല്‍ ഇതാണ്.. ഒരു റിക്രിയേഷന്‍ ക്ളബ് എന്‍െറ ജീവിതത്തില്‍ വരുത്തിയ മാറ്റം എത്ര വലുതാണ്…. അല്ളെകില്‍ ഞാന്‍ ഒരിക്കലും തിരുവനന്തപുരം വിടുമായിരുന്നില്ല. കാരണം എനിക്ക് ഇങ്ങനെ മണ്ണിലൊക്കെ ചവിട്ടി, കൃഷിയൊക്കെ ചെയ്ത് തിരുവനന്തപുരത്തെ എല്ലാ നന്മയും തിന്മയും അനുഭവിച്ച് ജീവിച്ചാല്‍ മതിയായിരുന്നു.. എന്നാല്‍ പിച്ച പത്രക്കാരോടുള്ള വാശിയാണ് എന്നെ വിമാനം കയറ്റിയത്. നാടു വീടീച്ചത്….

എത്ര നന്നായി….
ജയന്‍ മേനോനും പി പി ജയിംസിനും ബാക്കി എല്ലാ തീവ്ര കുടിയന്‍മാര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ഈയൊരവസരം ഉപയോഗിക്കുകയാണ്.. നന്ദി കുടിയന്‍മാരേ … നന്ദി… ആയിരമായിരം നന്ദി…
കൂട്ടത്തില്‍ ഇവിടെ നിന്നും മദ്യപിച്ച് അകാലത്തില്‍ പൊലിഞ്ഞ ചില പത്രപ്രവര്‍ത്തകരെ ഓര്‍ക്കുന്നു… ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു..

പരിധി വിട്ട കുടി കൊണ്ട് തകര്‍ന്ന കുടുംബങ്ങളേയും പുകയാത്ത അടുപ്പുകളേയും ഓര്‍ക്കുന്നു… വ്യസനിക്കുന്നു… ആ ഭാര്യമാരേയും കുഞ്ഞുങ്ങളേയും കുറിച്ചോര്‍ത്ത് ശരിക്കും വേദനിക്കുന്നു…

ഇപ്പോള്‍ കേട്ടു റിക്രിയേഷന്‍ ക്ളബ് പൂട്ടിയെന്നും ഇല്ളെന്നും….സങ്കേതം അനധികൃതമദ്യശാലയല്ളെന്നും ആണെന്നും… പത്രക്കാര്‍ തമ്മില്‍ തെറി വിളിച്ചെന്നും…
ഇതൊക്കെ കേട്ട് ഞാന്‍ ചിരിക്കുകയാണ്…. വലിയ ചിരി…. നിങ്ങളൊക്കെ ഇപ്പോഴും പഴയ അതേ ജയന്‍ മേനോനും പി പി ജയിംസും കുടിയന്‍മാരും തന്നെയാണ്….വെറുമൊരു കള്ളുകുടി ശാലക്കു വേണ്ടി തമ്മില്‍ തല്ലുന്ന , തെറി വിളിക്കുന്ന വെറും കള്ളുകുടിയന്‍മാര്‍….

സിനിമയിലൊക്കെ കാണാറില്ളേ? മരിച്ചു കഴിഞ്ഞാല്‍ വെള്ള വസ്ത്രമൊക്കെ ധരിച്ച് കാലു നിലത്തു തൊടാതെ മുകളില്‍ നിന്ന് എല്ലാം കാണുന്നത്… അങ്ങനെ നിങ്ങളുടെയൊക്കെ തലക്കു മുകളില്‍ നിന്ന് ഈ തെരുവുയുദ്ധം കണ്ട് ഞാന്‍ ചിരിക്കുകയാണ്… ഹ ഹ ഹ…….

നിങ്ങള്‍ അനധികൃതമായോ നിയമവിധേയമായോ കള്ളു കുടിക്കുകയോ തെറി പറയുകയോ വാര്‍ത്ത വില്‍ക്കുകയോ പെണ്ണുങ്ങളെ കമന്‍റടിക്കുകയോ പരദൂഷണം പറയുകയോ കുടുംബത്തെ പട്ടിണിക്കിടുകയോ അകാലത്തില്‍ കരളടിച്ചു പോയി മരിക്കുകയോ എന്തു വേണമെങ്കിലും ചെയ്യു…. ഇതിനോടൊക്കെ എനിക്കു ചിരി മാത്രം…. ഹ ഹ ഹ…..

NB: ഒരു കാര്യം ചോദിക്കാന്‍ മറന്നു… ഞാന്‍ ഇനി വരുമ്പോള്‍ എനിക്ക് പ്രസ്ക്ളബില്‍ കയറാന്‍ പറ്റുമോ സാറന്‍മാരേ? അതോ എന്‍െറ കയ്യും കാലും വെട്ടും എന്ന ഭീഷണി അന്നും നിലനില്‍ക്കുമോ?

അയ്യോ ഒന്നു കൂടി … ഭരണസമിതികള്‍ നടത്തിയ പണംവെട്ടിപ്പിന്‍േറയും തട്ടിപ്പിന്‍േറയും കാര്യമൊക്കെ എന്തായി? ഒക്കെ കോപ്ളിമെന്‍റ്സാക്കിയോ?

ഒന്നുകൂടി ലിഫ്റ്റിലേക്ക് ഇപ്പോഴും നടക്കാന്‍ വയ്യാത്തവര്‍ പടി കയറി തന്നെ വരേണ്ടേ? റാമ്പ് ഇല്ലല്ളോ?

പ്രധാനപ്പെട്ട കാര്യം… സൗജന്യ കരള്‍ പരിശോധനാ ക്യാമ്പൊക്കെ ഇപ്പോഴും സംഘടിപ്പിക്കുന്നില്ളേ?